കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍ സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാല കാണാതായി. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതലയേറ്റെടുത്തപ്പോള്‍ നടത്തിയ പരിശോധനയിലാണ് മാല കാണാതായ വിവരം അറിഞ്ഞത്.
ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നല്‍കിയത്. എന്നാല്‍ മാലയുടെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല.
കണക്കില്‍ പെടാത്ത മറ്റൊരു മാല തിരുവാഭരണങ്ങളുടെ കൂട്ടത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസമാണ് പുതിയ മേല്‍ശാന്തി ചുമതലയേറ്റത്. ചുമതലയേറ്റ ഉടന്‍ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നു മേല്‍ശാന്തി ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.

