തിരുവനന്തപുരം: ജി.സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കി.
ദേശീയപാത 66ല്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 2019ലാണ് ദേശീയപാതയുടെ നിര്‍മാണം നടത്തിയത്. അത്യാധുനിക ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണമെന്നും ആരിഫ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെയാണ് ദേശീയപാത നിര്‍മിച്ചത്.
എന്നാല്‍, ഒന്നര വര്‍ഷം കൊണ്ടു തന്നെ ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെട്ടെന്നും, അതിനാല്‍ തന്നെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാണ് സംശയിക്കുന്നതെന്നും, ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്നും എ.എം.ആരിഫ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കത്ത് പുറത്തായതോടെ ജി സുധാകരനെ ന്യായീകരിച്ചും ആരിഫ് രംഗത്തെത്തി. ദേശീയപാത പുനര്‍നിര്‍മാണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുഹമ്മദ് റിയാസിന് നല്‍കിയ കത്ത് ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നാണ് ആരിഫ് എംപിയുടെ വാദം. കത്തിന് പിന്നില്‍ നല്ല ഉദ്ദേശ്യം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റോഡ് നവീകരണത്തില്‍ അഴിമതി നടന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും, നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരനെന്നും ആരിഫ് പറഞ്ഞു. കരാറുകാരും എന്‍ജിനീയര്‍മാരുമാണ് ഉത്തരവാദികള്‍. അവരുടെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നാണ് കത്ത് നല്‍കിയതിന്റെ ഉദ്ദേശമെന്നും ആരിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

