കേരള ബാങ്ക് എടിഎം തട്ടിപ്പുകാര്‍ സോഫ്റ്റ്വെയര്‍ കമ്പനി ജീവനക്കാര്‍; പിന്നില്‍ വമ്പന്‍ ആസൂത്രണം !


തിരുവനന്തപുരം: കേരള ബാങ്കിന്റെ വിവിധ എടിഎമ്മുകളില്‍ നിന്നും പണം തട്ടിയതിനു പിന്നില്‍ വന്‍ ആസൂത്രണം നടന്നെന്ന് പോലീസ്. കേരള ബാങ്ക് എടിഎമ്മുകളില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിലായ പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

ഡല്‍ഹി സ്വദേശി ന്യൂമാന്‍ അഹമ്മദ്, കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ സമദാനി, മുഹമ്മജ് നജീബ് എന്നിവരാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. തട്ടിപ്പു നടത്താന്‍ നിര്‍മ്മിച്ചെടുത്ത അനവധി എടിഎം കാര്‍ഡുകളുമായാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കേസിലെ പ്രധാന ആസൂത്രകന്‍ ന്യൂമാന്‍ അഹമ്മദ് പിടിയിലായത്.

ബാങ്കിനുവേണ്ടി സോഫ്റ്റ്വെയര്‍ തയ്യാറാക്കിയ കമ്പനിയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയാണ് ന്യൂമാന്റെ ആസൂത്രണത്തില്‍ പണം കവര്‍ന്നത്. പിടിയിലായവര്‍ സോഫ്റ്റ്വെയര്‍ കമ്പനി ജീവനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി.

ബാങ്ക് ഓഫ് ബറോഡയുടെ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് കേരളാബാങ്ക് എടിഎമ്മുകളില്‍ നിന്നും പണം എടുത്തിരുന്നത്. മറ്റൊരു ബാങ്കിന്റെ കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചാല്‍ ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടാതെ, കേരള ബാങ്കിന്റെ പണമാണ് നഷ്ടമാകുക.

എടിഎം ഇടപാടുകളുമായി ബന്ധപ്പെട്ട സാങ്കേതിക പൂര്‍ണത കൈവരിക്കാനാകാത്തതാണു വീഴ്ചയ്ക്കു കാരണമെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ചിപ് ഘടിപ്പിച്ച എടിഎം കാര്‍ഡുകള്‍ തന്നെ ഉപയോഗിക്കുവാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരള ബാങ്കിലെ എടിഎം ഈ രീതിയിായിരുന്നില്ല പിന്തുടര്‍ന്നത്. അതുകൊണ്ടു തന്നെ ആ ന്യൂനത മനസ്സിലാക്കിയാണു സംഘം തട്ടിപ്പ് നടത്തിയത്.