പേര് ‘ശ്രീജേഷ്’ എന്നാണോ ? ഇന്ധനം ഫ്രീ ! ഓഫറുമായി ഹരേകൃഷ്ണ ഫ്യൂവല്‍സ്

തിരുവനന്തപുരം: ഒളിംപിക്സില്‍ ഹോക്കിയില്‍ ചരിത്രം തിരുത്തിക്കുറിച്ച് വെങ്കലമെഡല്‍ നേടിയ മലയാളി താരം പി.ആര്‍ ശ്രീജേഷിന് ആദരവുമായി തിരുവനന്തപുരത്തെ പമ്പുടമ. തിരുവനന്തപുരം കാഞ്ഞിരം പാറയില്‍ ഇന്ത്യന്‍ ഓയിലിന്റെ ഹരേകൃഷ്ണ ഫ്യൂവല്‍സ് ശ്രീജേഷിനോടുള്ള ആദരവില്‍ ഫ്രീയായി ഇന്ധനം നല്‍കുമെന്ന പ്രഖ്യാപനവുമായാണ് എത്തിയിരിക്കുന്നത്.

ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെ 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്‍കുമെന്ന ഓഫറാണ് ഹരേകൃഷ്ണ ഫ്യൂവല്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും.

പേര് ശ്രീജേഷാണെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ പെട്രോള്‍ അടിക്കാന്‍ എത്തുമ്പോള്‍ കാണിക്കണമെന്ന് ഹരേകൃഷ്ണ ഫ്യൂവല്‍സ് ഉടമ വ്യക്തമാക്കി.