സിപിഎം ഭരണത്തിലുള്ള പറപ്പൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എട്ട് കോടിയുടെ ബാധ്യത ജീവനക്കാരും ഭരണസമിതി അംഗങ്ങളും വീട്ടണം

മലപ്പുറം: സിപിഎം ഭരണത്തിലുള്ള മലപ്പുറം പറപ്പൂര്‍ റൂറല്‍ സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് പരാതി. രേഖകളില്‍ കൃത്രിമം കാണിച്ച് നൂറുകണക്കിന് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ തട്ടിയതായാണ് പരാതിയില്‍ പറയുന്നത്. 2019ല്‍ നടന്ന തട്ടിപ്പില്‍ എട്ടുകോടിയോളം രൂപ ജീവനക്കാരും ഭരണസമിതിയംഗങ്ങളും ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതേതുടര്‍ന്ന് സൊസൈറ്റി ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. എട്ട് കോടിയുടെ ബാധ്യത അടക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബാങ്കിന്റെ സാമ്പത്തിക ബാധ്യതയില്‍ ഉത്തരവാദികളായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നും ജീവനക്കാരായ പ്രതികളില്‍ നിന്നും തുക ഈടാക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ്. ബാങ്കിലെ ജീവനക്കാരനായിരുന്ന ഒന്നാംപ്രതി അബ്ദുള്‍ ജബ്ബാല്‍, സെക്രട്ടറി പി കെ പ്രസന്നകുമാരി, സൊസൈറ്റി പ്രസിഡന്റ് എം മുഹമ്മദ്, വൈസ് പ്രസിഡന്റ് സി.കബീര്‍, സിപിഐഎം ജില്ലാ കമ്മിറ്റിയംഗം സോഫിയ എന്നിവരുള്‍പ്പെടെ പതിമൂന്ന് പേര്‍ക്കാണ് നോട്ടിസ് നല്‍കിയത്.

സ്ഥിരനിക്ഷേപത്തിലും നിത്യനിധി നിക്ഷേപത്തിലും കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. നിക്ഷേപകര്‍ അറിയാതെ പണം പിന്‍വലിക്കുകയും, പണയം വച്ച സ്വര്‍ണാഭരങ്ങള്‍ വായ്പ വച്ചവര്‍ അറിയാതെ സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളില്‍ വലിയ തുകയ്ക്ക് പണയം വയ്ക്കുന്നതും ഇവിടെ പതിവായിരുന്നെന്നും ആരോപണമുണ്ട്.

സംഭവത്തെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല, പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.