‘ സ്ത്രീധനം വാങ്ങില്ലെന്ന് ‘ സര്‍വ്വകലാശാല പ്രവേശനത്തിന് സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ ശക്തമായ തീരുമാനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാനച്ചടങ്ങിനെത്തിയ ഗവര്‍ണര്‍ വിദ്യാര്‍ഥികളില്‍ നിന്ന് സ്ത്രീധനത്തിനെതിരായ സത്യവാങ്മൂലം എഴുതിവാങ്ങി.

വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലമാണ് കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാനച്ചടങ്ങിന് മുന്‍പായി ഗവര്‍ണര്‍ എഴുതിവാങ്ങിയത്.

സ്‌കൂളുകളിലും, സര്‍വ്വകലാശാലകളിലും സ്ത്രീധനത്തിനെതിരെ വ്യാപകമായ പ്രചാരണം നടത്തണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ഈ സത്യവാങ്മൂലം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ചടങ്ങില്‍വെച്ച് ഔദ്യോഗികമായി ഗവര്‍ണര്‍ക്ക് കൈമാറി. സ്ത്രീധനത്തിനെതിരെ നിലപാടെടുത്ത കുഫോസ് വിദ്യാര്‍ഥികളുടെ നിലപാട് സമൂഹത്തിന് മുഴുവന്‍ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

മാത്രമല്ല, എല്ലാ സര്‍വ്വകലാശാല പ്രവേശനത്തിനും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്നും, വൈസ് ചാന്‍സലര്‍മാര്‍ തന്നെ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും,സ്ത്രീധനത്തിനെതിരെ സ്‌കൂളുകളിലും പ്രചാരണം നടത്തണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.