ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല, എന്നോടും ചെയ്തത് ഇത് തന്നെ !വിമര്‍ശനവുമായി അഞ്ജു ബോബി ജോര്‍ജ്ജ്

ബെംഗളൂരു: ടോക്കിയോ ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലം നേടിയ കേരളത്തിന്റെ പി ആര്‍ ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ലെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്.

ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ കിട്ടിയപ്പോള്‍ കേരള സര്‍ക്കാര്‍ തന്നോടും കാണിച്ചത് ഇതേ സമീപനമാണെന്നും, അന്ന് ഖജനാവ് കാലിയാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയതെന്നും അഞ്ജു ബോബി ജോര്‍ജ് കുറ്റപ്പെടുത്തി. മാത്രമല്ല, കേരളത്തിലെ കായിക താരങ്ങളോടുള്ള സര്‍ക്കാരിന്റെ ഈ സമീപനം മാറണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, പി.ആര്‍.ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്ന് കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ് കേരളംമെന്നും, ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. അതാണ് സര്‍ക്കാരിന്റെ നയം. നടപടിക്രമങ്ങള്‍ അനുസരിച്ച് മാത്രമേ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും നടത്തുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.