പോലീസ് പ്രവർത്തിക്കുന്നത് ജനകീയ സേന എന്ന നിലയിൽ; ന്യായീകരണവുമായി മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: ലോക്ക് ഡൗൺ സമയത്തുള്ള പോലീസിന്റെ പ്രവൃത്തികളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിനെ നാടിന്റെ ശത്രുവായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. പോലീസുകാർ ജനങ്ങൾക്ക് എതിരാണെന്ന ചിന്താഗതി ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്‌റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ക്രമസമാധാനം നിലനിർത്താനാണ് പോലീസ് ശ്രമിച്ചത്. ഊര് മൂപ്പൻ ചൊറിയ മൂപ്പനും ബന്ധു കുറുന്താ ചലവും തമ്മിൽ ഉണ്ടായിരുന്ന തർക്കത്തിൽ കുറുന്താചലത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രമസമാധാനം നിലനിർത്താനുള്ള പോലീസിന്റെ സ്വാഭാവിക നടപടി മാത്രമായിരുന്നു അവിടെ കണ്ടതെന്നും മുഖ്യമന്ത്രി വിശദമാക്കി.

പോലീസ് പ്രവർത്തിക്കുന്നത് ജനകീയ സേന എന്ന നിലയിലാണെന്നും ദുരന്തങ്ങളിൽ ജനങ്ങളോട് ചേർന്നു നിന്ന് പ്രവർത്തിച്ചതാണ് പോലീസിന്റെ ചരിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുതെന്നും സർക്കാർ ഏൽപിച്ച ചുമതല മാത്രമാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്യാഗ പൂർണ്ണമായ പൊലീസിന്റെ പ്രവർത്തനത്തെ രാഷ്ട്രീയ നേട്ടത്തിനായി നിസ്സാരവത്ക്കരിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

എൻ ഷംസുദീൻ എം എൽ എയാണ് നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. ഭീകരവാദികളെ പിടിക്കുന്നതു പോലെയാണ് പോലീസ് ഊരു മൂപ്പനെയും മകനെയും പിടിച്ചുകൊണ്ടു പോയതെന്ന് ഷംസുദ്ദീൻ പറഞ്ഞു. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് മൂപ്പനെയും മകനെയും പിടികൂടിയതെന്നും മൂപ്പന്റെ മകൻ മുരുകനും പാർട്ടിയുമായി തർക്കമുണ്ടായതാണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.