ന്യൂഡൽഹി: 75 -ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയത്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണ് ദേശീയ പതാകയെന്നും അതിനാൽ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിക്കുന്നു.
ഉപയോഗ ശേഷം ദേശീയ പതാകകൾ വലിച്ചെറിയരുതെന്നും സ്വകാര്യമായി പതാകയോടുള്ള ആദരവ് നിലനിർത്തി വേണം ഇവയെ ഉപേക്ഷിക്കേണ്ടതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ദേശീയ പതാകയോട് അനാദരവ് കാട്ടുന്നത് തടയാനുള്ള 1971-ലെ നിയമത്തിന്റെ രണ്ടാം വകുപ്പ്, 2002 ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ എന്നിവ പ്രകാരം ദേശീയ പതാകയെ അപമാനിക്കുകയോ കത്തിക്കുകയോ മോശമാക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ വിശദമാക്കിയിട്ടുണ്ട്.

