തിരുവനന്തപുരം: സിറ്റി സർക്കിൾ സർവീസുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. തിരുവനന്തപുരം നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് തീരുമാനം. അടുത്ത മാസം ആദ്യവാരം മുതൽ കെഎസ്ആർടിസി സിറ്റി സർവ്വീസുകൾ ആരംഭിക്കും. ഏഴു റൂട്ടുകളാണ് ആദ്യഘട്ടത്തിൽ സർവ്വീസിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച് അതേ സ്ഥലത്ത് തന്നെ ക്ലോക്ക് വൈസായും, ആന്റി ക്ലോക്ക് വൈസായി അഞ്ചിലധികം ബസുകൾ ഒരേ ദിശയിലേക്ക് തന്നെ സർവീസ് നടത്തുന്നതാണ് സർക്കിൾ സർവീസ്.
നഗരത്തിലെ പ്രധാനപ്പെട്ട ഏതാണ്ട് എല്ലാ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ടാണ് സർവ്വീസുകൾ നടത്തുക. ഈ സർവീസുകൾ ഓരോ പ്രത്യേക നിറത്തിൽ ഉള്ളവയായിരിക്കും. ഓരോ റൂട്ടും ഓരോ കളറിലായിരിക്കും അറിയപ്പെടുന്നത്. വൈലറ്റ്, മഞ്ഞ, ബ്രൗൺ,നീല, ചുവപ്പ്, മജന്ത, ഓറഞ്ച് എന്നീ നിറങ്ങളാകും ഓരോ റൂട്ടുകൾക്ക് നൽകുക. കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക. ബസിന്റെ ബോർഡ് നോക്കാതെ സർക്കിളിന്റെ അടിസ്ഥാനത്തിൽ ബസ്സ് ഏത് റൂട്ടിലേക്ക് ആണ് സഞ്ചരിക്കുന്നതെന്ന് യാത്രക്കാർക്ക് മനസ്സിലാക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത.
ബസ് സർവീസ് നടത്തുന്ന ഓരോ പോയിന്റിലും 10 മിനിറ്റിനുള്ളിൽ ഇരുവശത്തേക്കും ബസുകൾ വരുന്ന രീതിയിലായിരിക്കും സർവ്വീസുകൾ നടത്തുക. സിറ്റി സർക്കിൾ സർവീസിന്റെ മെയിൻ ഹബ് കിഴക്കേകോട്ടയാണ്. നാല് സാറ്റലൈറ്റ് ഹബ്ബുകളും സിറ്റി സർക്കിൾ സർവീസിന്റെ ഭാഗമാണ്. പാപ്പനംകോട്, ആനയറ, കിഴക്കേകോട്ട, പേരൂർക്കട എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ഹബുകൾ. 50 രൂപയുടെ ഗുഡ് ഡേ കാർഡ് എടുത്താൽ 24 മണിക്കൂർ ബസ്സുകളിൽ സഞ്ചരിക്കാം.
ലോ ഫ്ളോർ ബസുകളാണ് സിറ്റി സർക്കിൾ സർവ്വീസിനായി ഉപയോഗിക്കുക. 200 ബസുകളാണ് ഇതിനായി വേണ്ടി വരുന്നത്. 10 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്, 10, 15, 20,25 അങ്ങനെ പരമാവധി 30 രൂപയാണ് ഈ സർവീസുകളിലെ ടിക്കറ്റ് നിരക്ക്. ഇത് കൂടാതെയാണ് ഒരു ദിവസത്തേക്കുള്ള വൺ ഡേ ടിക്കറ്റും ലഭ്യമാകും. തിരുവനന്തപുരത്തെ സിറ്റി സർവീസ്് കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനും കൂടുതൽ റൂട്ടുകളിലൂടെ സർവീസ് നടത്തി ജനോപാകാര പ്രദമാക്കുന്നതിന് വേണ്ടിയാണ് അടിമുടി മാറ്റം വരുത്തുന്ന ഈ സംരംഭമെന്ന് ട്രയൽ റൺ വിലയിരുത്തിയ ശേഷം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിലെ സർവീസുകൾ വിജയിച്ചാൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ പദ്ധതി.

