ബാഴ്സലോണ: ബാഴ്സലോണ വിടുന്നതായി പറഞ്ഞ് പൊട്ടിക്കരഞ്ഞ് ലയണല്‍ മെസ്സി. ക്ലബ്ബ് വിടുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മെസി പലതവണ പൊട്ടിക്കരഞ്ഞത്.
കഴിഞ്ഞകൊല്ലം ബാഴ്സ വിടണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും, അന്നത് നടന്നില്ല, ഇപ്പോള്‍ സത്യം പറയട്ടേ, ഇവിടം വിടാന്‍ ഞാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല, പക്ഷേ തുടരാന്‍ വിധി അനുവദിക്കുന്നില്ല എന്ന് നിറകണ്ണുകളോടെയാണ് മെസ്സി പറഞ്ഞത്.
മാര്‍ച്ചില്‍ പ്രസിഡന്റായി ലാ പോര്ട്ടെ തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ചര്‍ച്ചയില്‍ ഇവിടം വിട്ടുപോകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കിയിരുന്നു, എന്റെ കരാറായിരുന്നില്ല പ്രശ്നം, പകുതി ശമ്പളം കുറച്ച് ഇവിടെ തുടരാന്‍ ഞാന്‍ തയ്യാറായിരുന്നു, പക്ഷേ ലാലിഗ ചട്ടങ്ങള്‍ അതിനും എതിരുനില്ക്കുമ്പോള് എന്തുചെയ്യാനാണ്, ഈ കുപ്പായം വീണ്ടുമണിയാന്‍ ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ് വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ താരം പൊട്ടിക്കരയുന്ന രംഗമാണ് പിന്നീട് കണ്ടത്. മെസിയുടെ കരച്ചില് സഹതാരങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കണ്ണീരണിയിച്ചു.
മാത്രമല്ല, എല്ലാവരോടും മനുഷ്യത്വത്തോടും ബഹുമാനത്തോടും പെരുമാറാനാണ് ബാഴ്സ എന്നെ പഠിപ്പിച്ചതെന്നും, ഇനി എവിടെപ്പോയാലും ആ ശീലം തുടരുകതന്നെ ചെയ്യുമെന്നും, ആരോഗ്യം അനുവദിക്കുന്ന കാലത്തോളം കളി തുടരണമെന്നുതന്നെയാണ് ആഗ്രഹമെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്സലോണ കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മെസ്സി ബാഴ്സ വിടുന്നത്, ബാഴ്സലോണയുടെ പുരോഗതിയില്‍ മെസ്സി നല്കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു, എല്ലാ ആശംസകളും നേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ എഫ് സി ബാഴ്സലോണ കൂട്ടിച്ചേര്‍ത്തു.
ബാഴ്സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായാണ് മെസ്സി കളത്തിലിറങ്ങിയത്, 672 ഗോളുകളും ബാഴ്സയ്ക്കായി താരം നേടി. ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മെസി നേരത്തെ ക്ലബ് വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള് ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്റായ ബോര്‍ഡ് മെസിയെ ക്ലബില്‍ നിലനിര്‍ത്തുകയായിരുന്നു.

