ടോക്കിയോ: ഒളിംപിക്സ് അത്ലറ്റിക്സിലെ തന്റെ സ്വര്‍ണ മെഡല്‍ നേട്ടം സ്പ്രിന്റ് ഇതിഹാസം മില്‍ഖാ സിംഗിന് സമര്‍പ്പിച്ച് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്കായി ചരിത്ര നേട്ടം കുറിച്ച നീരജ് ചോപ്ര തന്റെ മെഡല്‍ നേട്ടം മില്‍ഖാ സിംഗിന് സമര്‍പ്പിക്കുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
എവിടെ ഇരുന്നായാലും അദ്ദേഹം ഈ നേട്ടം കാണുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു, ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണെന്ന്, മെഡല്‍ സ്വീകരിച്ചശേഷം നീരജ് അറിയിച്ചു.
മാത്രമല്ല, ശരിക്കും ഈ നേട്ടെ അവിശ്വസനീയമാണെന്നും, അത്ലറ്റിക്സില് ഇന്ത്യ ഒരു സ്വര്‍ണം നേടുന്നത് ആദ്യമായാണ്, അതുകൊണ്ട് തന്നെ അതിയായ സന്തോഷമുണ്ട്, എനിക്കും രാജ്യത്തിനും ഇത് അഭിമാനമുഹൂര്‍ത്തമാണ്, യോഗ്യതാ റൗണ്ടില്‍ നന്നായി എറിയാന്‍ എനിക്ക് കഴിഞ്ഞിരുന്നു, അതുകൊണ്ട് തന്നെ ഫൈനലില്‍ കൂടുതല്‍ മെച്ചപ്പെടുത്താമെന്ന വിശ്വാസവുമുണ്ടായിരുന്നു. എന്നാല്‍, സ്വര്‍ണം ലഭിക്കുമെന്ന് കരുതിയില്ലെന്നും നീരജ് വ്യക്തമാക്കി.
ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് ചോപ്ര 87.58 മീറ്റര്‍ താണ്ടി ഇന്ത്യയുടെ ആദ്യ ഒളിംപിക്സ് അത്ലറ്റിക്സ് മെഡല്‍ നേടിയത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണ് ടോക്കിയോയില്‍ നീരജ് നേടിയത്.

