വെള്ളിത്തിരയില്‍ മെഗാസ്റ്റാറിന്റെ ആധിപത്യത്തിന് അരനൂറ്റാണ്ട്; ഇച്ചാക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വയ്ക്കുന്ന ചിത്രത്തോടൊപ്പമാണ് മോഹന്‍ലാല്‍ ആശംസ പങ്കുവെച്ചത്.

‘ഇന്ന് എന്റെ സഹോദരന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ മഹത്തായ അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാനായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം. ആശംസകള്‍ ഇച്ചാക്ക, എന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

നന്ദി പ്രിയപ്പെട്ട ലാല്‍ എന്ന മറുപടിയുമായി മമ്മൂട്ടിയെത്തിയതോടെ പോസ്റ്റ് വൈറലായി.

മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അമ്പത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയില്‍ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്.