കൊച്ചി: നാടാർ സംവരണത്തിന് സ്റ്റേ. ഹൈക്കോടതിയാണ് നാടാർ സംവരണത്തിന് സ്റ്റേ ഏർപ്പെടുത്തിയത്. ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സർക്കാരിന്റേത് നിയമപരമായി നിലനിൽക്കുന്ന ഉത്തരവല്ലെന്നാണ് നാടാർ സംവരണം സ്റ്റേ ചെയ്തു കൊണ്ടുള്ള ഇടക്കാല ഉത്തരവിൽ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
ഒബിസി പട്ടിക വിപുലീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും രാഷ്ട്രപതിക്കാണ് ഇക്കാര്യത്തിൽ അധികാര അവകാശമുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി.
മറാത്ത കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നടപടിയെന്നും ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തിയുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജികളിൽ വിശദമായി വാദം കേൾക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

