രാജ്യത്ത് നിന്നും നഷ്ടപ്പെട്ട പുരാവസ്തുക്കളിൽ 75 ശതമാനവും തിരികെ എത്തിച്ചു; സഹായകമായത് പ്രധാനമന്ത്രിയുടെ വിദേശ ബന്ധങ്ങളെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും നഷ്ടപ്പെട്ട വിലപിടിച്ച പുരാവസ്തുക്കളിൽ 75 ശതമാനവും കഴിഞ്ഞ ഏഴ് വർഷം കൊണ്ട് രാജ്യത്തേക്ക് തിരികെ എത്തിച്ചുവെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 1976 മുതൽ ഇതുവരെ 54 വിലപിടിപ്പുള്ള പുരാവസ്തുക്കളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ എത്തിച്ചതെന്ന് കിഷൻ റെഡ്ഡി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ കൊണ്ടാണ് ഇത് സാധ്യമായതെന്നും വിവിധ രാഷ്ട്രത്തലവന്മാരുമായി അദ്ദേഹത്തിനുള്ള ബന്ധം വഴിയാണ് പുരാവസ്തുക്കൾ രാജ്യത്തിന് വളരെ വേഗത്തിൽ തന്നെ തിരികെ ലഭിച്ചതെന്നും കിഷൻ റെഡ്ഡി അറിയിച്ചു. ഇന്ത്യയിൽ നിന്ന് വിദേശികൾ കൊണ്ടു പോയ നിരവധി പൈതൃക സ്വത്തുക്കളെ തിരിച്ച് പിടിക്കാൻ സാധിച്ചു എന്ന കാര്യത്തിൽ നമുക്ക് അഭിമാനിക്കാമെന്നും കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിലാണ് ഏറ്റവും കൂടുതൽ പൈതൃക സ്വത്തുക്കൾ തിരിച്ചു പിടിച്ചതെന്നും അദ്ദേഹം വിശദമാക്കി.

2014 മുതൽ 41 പുരാവസ്തുക്കളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച പുരാവസ്തുക്കളുടെ 75 ശതമാനത്തോളമാണ് ഇത്. കോൺഗ്രസ് ഭരിച്ച 25 വർഷക്കാലത്തിനുള്ളിൽ രാജ്യത്ത് നിന്നും നഷ്ടപ്പെട്ടതിൽ വെറും 10 പുരാവസ്തുക്കൾ മാത്രമായിരുന്നു തിരികെ കൊണ്ടുവന്നത്. നെഹ്റു – ഗാന്ധി കുടുംബങ്ങൾക്ക് ഇന്ത്യയുടെ പൈതൃക സ്വത്തുക്കൾ സംരക്ഷിക്കുന്നതിനേക്കാൾ താൽപര്യം അവരുടെ സമ്പത്ത് വർധിപ്പിക്കുന്നതിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.