ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ വെങ്കലം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളെ തേടി മറ്റൊരു സമ്മാനവും. ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടിയാണ് പഞ്ചാബ് സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മീത് സിങ് സോധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നായകന്‍ മന്‍പ്രീത് സിങ്, ഹര്‍മന്‍പ്രീത് സിങ്, റുപീന്ദര്‍ പാല്‍ സിങ്, ഹര്‍ദിക് സിങ്, ശംഷേര്‍ സിങ്, ദില്‍പ്രീത് സിങ്, ഗുര്‍ജന്ദ് സിങ്, മന്ദീപ് സിങ് എന്നീ പഞ്ചാബി താരങ്ങള്‍ക്ക് തുക ലഭിക്കും.
നേരത്തെ, സ്വര്‍ണ മെഡല്‍ നേടിയാല്‍ തങ്ങളുടെ താരങ്ങള്‍ക്ക് 2.25 കോടി രൂപ വീതം നല്‍കുമെന്ന് പഞ്ചാബ് കായിക മന്ത്രി പറഞ്ഞിരുന്നു. മെഡല്‍ വെങ്കലത്തില്‍ ഒതുങ്ങിയെങ്കിലും പാരിതോഷികം ഒഴിവാക്കാതെ താരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം നേടി ടോക്കിയോയില്‍ ചരിത്രം കുറിച്ചത്.

