ന്യൂഡല്‍ഹി: കള്ളവോട്ടുകള്‍ തടയാന്‍ ലക്ഷ്യമിട്ട് വോട്ടര്‍പട്ടിക ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജ്ജു. ലോക്‌സഭയിലാണ് മന്ത്രി ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. നടപടികള്‍ എങ്ങനെ നടപ്പാക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള ശുപാര്‍ശകള്‍ 2019 ഓഗസ്റ്റിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് അടക്കം ഒഴിവാക്കുന്നതിന് പട്ടികയെ ആധാര്‍ ഡേറ്റാബേസുമായി ബന്ധിപ്പിക്കുന്നതാണ് ഉചിതമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
കേരളത്തിലടക്കം എല്ലാ തിരഞ്ഞെടുപ്പുകളിലും കള്ളവോട്ടുകള്‍ വീഴുന്നത് സ്ഥിരം റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. പുതിയ പരിഷ്‌ക്കാരം ഇതിന് തടയിടാനാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

