ശ്രീകുമാര്‍ ചാരക്കേസിലൂടെ നമ്പി നാരായണനെതിരെ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് സിബിഐ

കൊച്ചി: നമ്പി നാരായണനെതിരെ ആര്‍ബി ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് സിബിഐ സത്യവാങ്മൂലം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെയാണ് സിബിഐ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ നമ്പി നാരായണനടക്കമുള്ളവരുടെ മൊഴികള്‍ സിബിഐ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തുമ്പ വിഎസ്എസിയില്‍ കമാന്റന്‍ഡ് ആയി ശ്രീകുമാര്‍ ജോലി ചെയ്തിരുന്ന കാലത്ത് ബന്ധുവിന് വിഎസ്എസ്സിയില്‍ നിയമനത്തിനായി തന്നെ സമീപിച്ചിരുന്നെന്നും താന്‍ ആവശ്യം നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലെ നമ്പി നാരായണന്റെ മൊഴി. ആര്‍ബി ശ്രീകുമാര്‍ തന്റെ ഓഫീസിലെത്തി നിങ്ങള്‍ ഇതിന് അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണി മുഴക്കിയതായും നമ്പി നാരായണന്‍ മൊഴി നല്‍കിയതായി സിബിഐ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ താന്‍ ക്രൂര പീഡനത്തിനിരയായതായി ശശികുമാറും മൊഴി നല്‍കിയിട്ടുണ്ട്. പീഡനം നടക്കുമ്പോള്‍ സിബി മാത്യൂസും, ആര്‍ബി ശ്രീകുമാറും പോലീസ് ക്ലബ്ബിലുണ്ടായിരുന്നുവെന്നും, താന്‍ നിലവിളിക്കുമ്പോള്‍ ഇരുവരും പരിഹസിച്ച് ചിരിക്കുകയാണുണ്ടായതെന്നും ശശികുമാര്‍ വ്യക്തമാക്കി. ജയപ്രകാശ്, പൊന്നന്‍, എന്നിവരും മറ്റു ചിലരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും മൊഴിയിലുണ്ട്.