കർണാടക മന്ത്രിസഭ പുന:സംഘടിപ്പിച്ചു; മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത് ഗോമൂത്രത്തിന്റെയും കർഷകരുടെയും നാമത്തിൽ

ബംഗളൂരു: കർണാടക മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 29 മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പുതുതായി മന്ത്രിസഭയിൽ ഇടംനേടിയ മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗോമൂത്രത്തിന്റെയും കർഷകരുടേയും നാമത്തിലാണ് മന്ത്രിമാരിൽ ചിലർ സത്യപ്രതിജ്ഞ ചെയ്തത്. പ്രഭു ചൗഹാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഗോമൂത്രത്തിന്റെ നാമത്തിലായിരുന്നു. ദൈവത്തിന്റെയും കർഷകരുടേയും നാമത്തിലായിരുന്നു ലിംഗായത്തിൽ നിന്നുള്ള നേതാവ് മുരുകേഷ് നിരാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ആനന്ദ് സിംഗ് ആയിരുന്നു. വിജയനഗര വിരുപക്ഷയുടേയും കർണാടക ദേവത ‘തായി’ ഭുവനേശ്വരിയുടേയും നാമത്തിലായിരുന്നു അദ്ദേഹം പ്രതിജ്ഞ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടിയുടെ ഉന്നത നേതൃത്വം എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് കർണാടകയിൽ മന്ത്രിസഭ പുന:സംഘടിപ്പിച്ചത്. ഒ.ബി.സി. വിഭാഗത്തിൽ നിന്നും വൊക്കലിഗ സമുദായത്തിൽ നിന്നും ഏഴു പേരെ വീതം പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിൽ നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തിൽ നിന്ന് മൂന്നു പേരും എസ്.ടി. വിഭാഗത്തിൽ നിന്ന് ഒരാളും മന്ത്രിസഭയിൽ ഇടം നേടി. മന്ത്രിസഭയിൽ ഒരു വനിതാ അംഗം മാത്രമാണുള്ളത്. ബ്രാഹ്മണ സമുദായത്തിൽനിന്നുള്ള രണ്ടുപേരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. അതേസമയം യെദ്യൂരപ്പയുടെ ഇളയമകൻ ബി.വൈ വിജയേന്ദ്രയ്ക്ക് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചില്ല. ഇത്തവണ കർണാടക മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനവും ഇല്ല. അനുഭവ സമ്പത്തിന്റെയും പുത്തൻ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.