കാത്തിരിപ്പിന് വിരാമം; നാലുപതിറ്റാണ്ടിന് ശേഷം ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം !

ടോക്കിയോ: ഒളിംപിക്സ് ഹോക്കിയില്‍ നാലുപതിറ്റാണ്ടിന് ശേഷം ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ലൂസേഴ്സ് ഫൈനലില്‍ കരുത്തരായ ജര്‍മനിയെ തറപറ്റിച്ചാണ് ഇന്ത്യയുടെ വെങ്കല നേട്ടം. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ വീഴ്ത്തിയത്. ഇതോടെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡല്‍ ഹോക്കി ടീമിന്റെ വകയായി.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിലായിരുന്ന ഇന്ത്യ മികച്ച തിരിച്ചുവരവിലൂടെയാണ് മത്സരവും കൈപ്പിടിയിലൊതുക്കിയത്. സിമ്രന്‍ജീത് സിങ്ങിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. 17, 34 മിനിറ്റുകളിലാണ് സിമ്രന്‍ജീത് ലക്ഷ്യം കണ്ടത്. ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് , രൂപീന്ദര്‍പാല്‍ സിങ് എന്നിവരുടെ വകയാണ് മറ്റു ഗോളുകള്‍.

ജര്‍മനിയുടെ ഗോളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. തിമൂര്‍ ഒറൂസാണ് ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത്. നിക്കളാസ് വെല്ലെന്‍ , ബെന്‍ഡിക്ട് ഫുര്‍ക് , ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവരും ഇന്ത്യന്‍ പ്രതിരോധത്തെ മറികടന്ന് ഗോളുകള്‍ നേടി.