ചട്ടങ്ങൾ അനുസരിച്ചേ പ്രവർത്തിക്കാൻ സാധിക്കൂ; പിഎസ്‌സി ചെയർമാൻ

തിരുവനന്തപുരം: ചട്ടങ്ങൾ അനുസരിച്ചേ പി.എസ്.സിയ്ക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്ന് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. ആരുവിചാരിച്ചാലും ചട്ടങ്ങൾ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുളളവരുടെ ഒഴിവുകൾ തങ്ങൾക്ക് ലഭിക്കണമെന്ന് ഉദ്യോഗാർഥി ആഗ്രഹിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോവിഡ് കാലത്തുള്ള ഒഴിവുകൾ പിഎസ്‌സി കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തന്റെ റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ ഒഴിവുകൾ മാത്രമാണ് ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുക. അവരവരുടെ അർഹത ഓരോ ഉദ്യോഗാർത്ഥികളും മനസിലാക്കണം. കൃത്യമായ നിബന്ധനകളാണ് പി.എസ്.സി പാലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിഫോം, പോലീസ് റാങ്ക് ലിസ്റ്റുകൾ കാലാവധിയായ ഒരുവർഷം കഴിഞ്ഞാൽ മൂന്നുവർഷം വരെ പോകുന്ന റാങ്ക് ലിസ്റ്റുകൾ അല്ല. യൂണിഫോം പോസ്റ്റിലേക്ക് കൃത്യമായ വയസ്സും ശാരീരികക്ഷമതയും ഉൾപ്പടെയുളള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനകത്ത് ഉയർന്ന നിലവാരം പുലർത്തുന്നവർ തെരഞ്ഞെടുക്കപ്പെടുന്നു. ഈ നിയമാണ് പോലീസിൽ വന്നിരിക്കുന്നത്. അതോടെ പോലീസ് റാങ്ക് പട്ടിക കാലാവധി ഒരു വർഷമായി ചുരുങ്ങി. മറ്റൊരു റാങ്ക് പട്ടിക വന്നില്ലെങ്കിൽ ഇതിന്റെ കാലാവധി നീട്ടാൻ സാധിക്കില്ലെന്നും അദ്ദേഹം വിശദമാക്കി.

യൂണിഫോമില്ലാത്ത ജനറൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഒരു വർഷമാണ്. മറ്റൊരു റാങ്ക് പട്ടിക വന്നിട്ടില്ലെങ്കിൽ എന്ന് പരക്കെ കേൾക്കുന്ന ഈ റാങ്ക് പട്ടിക മൂന്നുവർഷത്തേക്ക് മാത്രമെ നീട്ടാൻ കഴിയൂ. ഏറ്റവും കൂടുതലായി മൂന്നു വർഷത്തേക്ക് മാത്രമേ റാങ്ക് പട്ടിക നീട്ടാനാകൂവെന്നും 1+2 എന്നത് നിലനിൽക്കുമ്പോൾ ഒരു വർഷം കഴിഞ്ഞാൽ പിഎസ്‌സിക്ക് അടുത്ത ദിവസം മുതൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി പിഎസ്‌സി ജനറൽ വിഭാഗത്തിന് മൂന്നു വർഷത്തിന്റെ അധിക ആനുകൂല്യം നൽകുന്നുണ്ട്. മൂന്നുവർഷം കഴിഞ്ഞാൽ ഈ റാങ്ക് പട്ടികകളുടെ കാലാവധി നിയമ പ്രകാരം അവസാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

പി.എസ്.സിയുടെ നിയമനങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. വരുന്ന നിയമനങ്ങൾ ഉൾപ്പടെ തടസപ്പെടുത്താതിരിക്കാനാണ് കോടതിയിൽ പോയതെന്നും പി.എസ്.സി ശരിയാണെന്ന് കോടതിയും കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.