ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ വനിതാ ബോക്സര്‍ ലവ്ലിന ബോര്ഗൊഹെയ്ന് വെങ്കലം. ബോക്സിങ്ങില്‍ വനിതകളുടെ 69 കിലോഗ്രാം വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്.
സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയാണ് ലവ്ലിന വെങ്കല മെഡലില്‍ ഒതുങ്ങിയത്. സ്കോര്‍: 5-0
ഒളിംപിക്സില്‍ കന്നിക്കാരിയായ ലവ്ലിനയ്ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്. വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി ബോക്സിങ്ങില്‍ ഒളിമ്പിക്സില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാന്‍ താരത്തിന് കഴിയുമായിരുന്നു.
ക്വാര്‍ട്ടറില്‍ പുറത്തെടുത്ത അസാമാന്യ പ്രകടനം സെമിയില്‍ തുര്‍ക്കി താരത്തിനെതിരെ ആവര്‍ത്തിക്കാനാകാതെ പോയതോടെയാണ് ലവ്ലിനയുടെ പോരാട്ടം വെങ്കലത്തില്‍ അവസാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്പേയിയുടെ നീന് ചിന് ചെന്നിനെ അട്ടിമറിച്ചു സെമിയിലെത്തിയപ്പോള്‍ത്തന്നെ ലവ്ലിന ഒളിംപിക്സ് മെഡല്‍ ഉറപ്പിച്ചിരുന്നു.
മിരാബായ് ചാനുവിനും പി വി സിന്ധുവിനും ശേഷം ഈ ഒളിംപിക്സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം എന്ന ബഹുമതിയും ഇനി ലവ്ലിനയ്ക്ക് സ്വന്തം. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്ലിന. അസമില്‍നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതയയാണവര്‍.

