ശിവന്‍കുട്ടി ഒരു തറ ഗുണ്ട; സിപിഎം നാണവും മാനവുംകെട്ട എംഎല്‍എമാരെ ചുമക്കുന്നുവെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഒരു തറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായെന്നും, മറ്റൊരു ശിവന്‍കുട്ടിയായ മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഉള്‍ക്കൊള്ളാനാകുമെന്നുമായിരുന്നു കെ.സുധാകരന്റെ ആക്ഷേപം.

നിയമസഭാ കയ്യാങ്കളി കേസില്‍ ശിവന്‍കുട്ടി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ നേമം കമലേശ്വരം ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു സുധാകരന്‍ മന്ത്രിക്കെതിരെ സംസാരിച്ചത്.

പുതിയ തലമുറയ്ക്ക് റോള്‍ മോഡല്‍ ആകേണ്ട വിദ്യാഭ്യാസമന്ത്രിയുടെ സ്ഥാനത്ത് ആഭാസത്തരം മാത്രം കൈമുതലുള്ള വി ശിവന്‍കുട്ടി ഇരിക്കുന്നതിനെ സാംസ്‌കാരിക കേരളത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ശിവന്‍കുട്ടിയുടെ മുഖാവരണം ഗുണ്ടായിസത്തിന്റെതാണ്. മന്ത്രിക്ക് വേണ്ട ഗുണവും വിശ്വാസ്യതയും അദ്ദേഹത്തിന് ഇല്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

മാത്രമല്ല, ക്ഷമിക്കാന്‍ കഴിയാത്ത കുറ്റമെന്നാണ് നിയമസഭാ കയ്യാങ്കളിക്കേസിനെ സുപ്രീംകോടതി വിശേഷിപ്പിച്ചതെന്നും, നേമത്തെ വോട്ടര്‍മാര്‍ക്ക് പറ്റിയ കൈത്തെറ്റിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. നാണവും മാനവുംകെട്ട അന്തസില്ലാത്ത എംഎല്‍എമാരെ ചുമക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും സുധാകരന്‍ ആരോപിച്ചു.