ന്യൂഡല്‍ഹി: ടൂറിസ സാധ്യതകള്‍ മുന്നില്‍ക്കണ്ട് ലക്ഷദ്വീപ് വികസനം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മാലിദ്വീപ് മാതൃകയില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിച്ച് വിനോദ സഞ്ചാര മേഖലയില്‍ വന്‍ വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ മിനിക്കോയ്, കട്മാറ്റ്, സുഹേലി എന്നീ ദ്വീപുകളിലാണ് വാട്ടര്‍ വില്ലകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 800 കോടിയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിനുവേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ആഗോള തലത്തില്‍ ടെന്‍ഡര്‍ വിളിച്ചിട്ടുമുണ്ട്.
മിനിക്കോയ് (319 കോടി രൂപ ചെലവ് വരുന്ന പദ്ധതി), സുഹേലി (247 കോടി), കഡ്മാറ്റ് (240 കോടി) എന്നിങ്ങനെ മൂന്ന് പ്രീമിയം വാട്ടര്‍ വില്ല പ്രോജക്ടുകള്‍ക്കാണ് നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയ്ക്ക് വേണ്ട എല്ലാ ക്ലിയറന്‍സുകളും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുന്നതിലൂടെ വിനോദസഞ്ചാര വികസനത്തിനൊപ്പം സമുദ്ര സാമ്പത്തിക വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
തദ്ദേശവാസികളുടെ ഉപജീവന അവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, ദുര്‍ബലമായ പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥയുടെ സംരക്ഷണവും എല്ലാം പരിഗണിച്ചാവും ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

