കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപം; ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീൽ

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെ ആരോപണവുമായി കെ ടി ജലീൽ. നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചക്കിടെയായിരുന്നു ജലീൽ കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങൾ നടത്തിയത്. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചെന്നായിരുന്നു കെ ടി ജലീലിന്റെ ആരോപണം.

കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയവരിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീൽ നിയമസഭയിൽ വ്യക്തമാക്കി. പാലാരിവട്ടം പാലത്തിന്റെ ഓഹരി മലപ്പുറത്തെത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പാണക്കാട് കുടുംബത്തിൽ പോലും അന്വേഷണവുമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്നാണ് ജലീലിന്റെ വിമർശനം. കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ തന്റെ പിറകിലായിരുന്നെങ്കിൽ ഇനി താൻ നിങ്ങളുടെ പിറകിലുണ്ടാകുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

അതേസമയം ജലീലിന്റെ ആരോപണങ്ങളെല്ലാം അവാസ്തവമായ കാര്യങ്ങളാണെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കിൽ ജലീലിന് അഡ്രസില്ലെന്നും ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം മറുപടി നൽകി. മകന്റെ പേരിൽ പത്ത് പൈസയുണ്ടെങ്കിൽ അത് എൻ ആർ ഐ അക്കൗണ്ട് ആണ്. പണത്തിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്. ജലീലിന്റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ലെന്നും രേഖകൾ സ്പീക്കർക്ക് നൽകാമെന്നും കുഞ്ഞാലിക്കുട്ടി വിശദമാക്കി.