വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതിയുമായി സർക്കാർ; ലക്ഷ്യം സമഗ്ര വികസനവും വളർച്ചയും ഉറപ്പാക്കൽ

പാലക്കാട്: ഗുണമേന്മയുള്ള അദ്ധ്യയനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതിയുമായി സർക്കാർ. സർക്കാർ മേഖലയിലെ ഹയർസെക്കൻഡറി, ഹൈസ്‌കൂൾ, പ്രൈമറി വിദ്യാലയങ്ങളുടെ സമഗ്ര വികസനവും വളർച്ചയും ഉറപ്പുവരുത്താൻ അഞ്ചു വർഷം മുൻപ് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനു പകരം ‘വിദ്യാകിരണം’ എന്ന പദ്ധതിയാണ് സർക്കാർ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. വിവിധ മേഖലകളിൽ സർക്കാർ ആരംഭിച്ച നാലുമിഷനുകളെയും കേരള പുനർനിർമാണപദ്ധതിയെയും ഏകോപിപ്പിച്ചു സർക്കാർ രൂപീകരിച്ച നവകേരളം കർമപദ്ധതി 2 ന്റെ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുളള സംരംഭമായിട്ടാണ് സർക്കാർ വിദ്യാകിരണത്തെ അവതരിപ്പിക്കുന്നത്. വിദ്യാകിരണം പദ്ധതിയ്ക്ക് ഏതൊക്കെ ഘടകങ്ങൾ വേണം രീതികൾ എന്തെല്ലാമായിരിക്കണം എന്തെല്ലാം സംവിധാനമാണ് ഇതിന് വേണ്ടത് എന്ന കാര്യങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചയും പ്രൊജക്ടുകളുമെല്ലാം സർക്കാർ നടത്തും. ഓൺലൈൻ വിദ്യഭ്യാസത്തിൽ കുട്ടികൾക്ക് സമഗ്രശിക്ഷണം ലഭിക്കാനുള്ള നടപടികളും പദ്ധതിയിലൂടെ ഉറപ്പു വരുത്തും.

പൊതുവിദ്യാഭ്യാസ സംരക്ഷണ മിഷനിൽ ഒരു മണ്ഡലത്തിലെ ഒരു സ്‌കൂൾ വീതം കിഫ്ബി ഫണ്ട് ഉപയോഗിച്ചു നവീകരിക്കുകയും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഹൈസ്‌കൂളിനും ഹയർസെക്കൻഡറിക്കും 5 കോടി രൂപയുടെ നവീകരണവും മൂന്നു കോടിരൂപയുടെ ഉപകരണങ്ങൾ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക വിദ്യാലയങ്ങൾക്കായി ഒരു കോടി രൂപയാണ് ചെലവഴിച്ചത്. എല്ലാ സ്‌കൂളിലും ഹൈടെക് പഠനത്തിനുള്ള മുറികൾ, ടെക്‌സറ്റ് ബുക്കും അധ്യാപകരുടെ നോട്ടുകളും ഉൾപ്പെടെ ലഭിക്കുന്ന സമഗ്രപോർട്ടലും ഇതിന്റെ ഭാഗമായി നിലവിൽ വന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ മിഷന്റെ തുടർച്ചയായാണ് വിദ്യാകിരണം നടപ്പാക്കാനുള്ള തീരുമാനം. ഉത്തരവനുസരിച്ച് സമ്പൂർണ പാർപ്പിടം ലക്ഷ്യമിട്ടുള്ള ലൈഫ് മിഷൻ, ജനസൗഹൃദ സർക്കാർ ആശുപത്രികൾക്കായി ആർദ്രം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിദ്യാഭ്യാസമിഷൻ, ശുചിത്വം, മാലിന്യസംസ്‌കരണം, മണ്ണു-ജലസംരക്ഷണവും ലക്ഷ്യമാക്കി ഹരിത കേരളമിഷൻ എന്നിവയ്‌ക്കൊപ്പം കേരള പുനർനിർമാണ പദ്ധതിയും യോജിപ്പിച്ചാണ് നവകേരളം കർമപദ്ധതി-2 ന് സർക്കാർ രൂപം നൽകിയത്.

മുഖ്യമന്ത്രി അദ്ധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ജോ. കൺവീനറായും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും പദ്ധതി നടത്തിപ്പിനായി നവകേരളം കർമ്മപദ്ധതി സെൽ രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.