ന്യൂഡല്‍ഹി: തമിഴ്നാട് വിഭജനത്തില്‍ നയം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വിഭജനം സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശങ്ങളും നിലവില്‍ പരിഗണനയിലില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
തമിഴ്നാട് ഉള്‍പ്പെടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോയെന്ന് രണ്ട് തമിഴ്നാട് എംപിമാര്‍ ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ വിഭജിക്കാന്‍ ആവശ്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്നും അവര്‍ പാര്‍ലമെന്റില്‍ ചോദിച്ചു. ഇതിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.
തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് സോഷ്യല്‍ മീഡിയയില്‍ കാമ്പയിനുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സംഭവം വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍പോലും കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. വിഭജനത്തിന് എതിരെ സിനിമാ, സാംസ്‌കാരിക രംഗത്തുള്ളവരും മുന്നോട്ടുവന്നിരുന്നു.
ഈ പ്രതിഷേധ പ്രകടനങ്ങള്‍ക്കൊക്കെ ഫുള്‍സ്റ്റോപ്പ് ഇട്ടുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

