ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗം, നന്നായി പൊരുതി; സെമിയില്‍ തോറ്റ ഹോക്കി ടീമിന് ആശ്വാസമേകി പ്രധാനമന്തി

ടോക്കിയോ: ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്, ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നതായും പ്രധാനമന്ത്രി തന്റെ ട്വീറ്റര്‍ അക്കൗണ്ടില്‍ കൂടി അറിയിച്ചു.

നിലവിലെ ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തോട് 2-5നാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. അവസാന ക്വാര്‍ട്ടറില്‍ നേടിയ മൂന്ന് ഗോളാണ് ബെല്‍ജിയത്തിന് ഫൈനല്‍ ടിക്കറ്റിന് വഴിയൊരുക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയം ഇന്ത്യയ്‌ക്കൊപ്പമെത്തി. മൂന്നാം ക്വാര്‍ട്ടറില്‍ ആരും ഗോളടിച്ചില്ല. എന്നാല്‍, അവസാന ക്വാര്‍ട്ടറില്‍ അലക്‌സാണ്ടര്‍ ഹെന്‍ട്രിക്‌സ് രണ്ട് ഗോളടിച്ച് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു.

ഇന്ത്യന്‍ നിരയില്‍ മന്‍ദീപ് സിംഗും, ഹര്‍മന്‍ പ്രീത് സിംഗുമാണ് ഗോളുകള്‍ നേടിയത്. ഇനി വെങ്കലത്തിനായി ഇന്ത്യയ്ക്ക് മത്സരിക്കാം. ഓസ്ട്രേലിയ-ജര്‍മനി സെമിയില്‍ തോല്‍ക്കുന്നവരുമായാണ് ഇന്ത്യ പൊരുതേണ്ടത്.