തിരുവനന്തപുരം: സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലാംതീയതി അവസാനിക്കുമ്പോൾ, സർക്കാരിന്റെ നിഷേധാത്മക നിലപാടു മൂലം ലിസ്റ്റിലുള്ള പതിനായിരക്കണക്കിനു യുവതീ യുവാക്കൾക്ക് നീതി നിഷേധിച്ചെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്ത് നൽകി. പകരം ലിസ്റ്റ് വരുന്നതുവരെയോ, ലിസ്റ്റിന്റെ പരമാവധി കാലമായ നാലരവർഷം വരെയോ 493 ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭയ്ക്കകത്ത് മുഖ്യമന്ത്രി ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം നിഷ്കരുണം തള്ളിക്കളഞ്ഞപ്പോൾ, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ലിസ്റ്റ് നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നല്കിയത് ഇരട്ടപ്രഹരമായെന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റിലുള്ള എല്ലാവരെയും നിയമിക്കാൻ സാധിക്കില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശരിയാണ്. എന്നാൽ, ഈ ലിസ്റ്റിലുള്ള ബഹുഭൂരിപക്ഷം പേരെയും നിയമിച്ചില്ലെന്നു മാത്രമല്ല, 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുമ്പോൾ ഒരു തസ്തികയിലേയ്ക്ക് പോലും പകരം റാങ്ക് ലിസ്റ്റ് ഇല്ല എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം വിശദമാക്കി.
കാലാവധി തീരുന്ന 493 റാങ്ക് ലിസ്റ്റിന്റെ സ്ഥാനത്ത് 136 തസ്തികകളിലേയ്ക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 357 തസ്തികകൾക്കു ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. അപേക്ഷ ക്ഷണിച്ച തസ്തികകളിലേയ്ക്ക് ടെസ്റ്റും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെങ്കിൽ രണ്ട് മുതൽ മൂന്നു വർഷം വരെ എങ്കിലും വേണ്ടിവരും. പകരം ലിസ്റ്റ് ഇല്ലാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കാതെ വരും. അതോടെ പിൻവാതിൽ നിയമനത്തിനുള്ള അനന്ത സാദ്ധ്യതകളാണ് തുറക്കുന്നത്. പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ സാധാരണ കാലാവധി 3 വർഷമാണ്. 3 വർഷം തികയുമ്പോൾ പകരം ലിസ്റ്റ് തയ്യാറായില്ലെങ്കിൽ ഒന്നര വർഷം വരെയോ അടുത്ത ലിസ്റ്റ് വരുന്നതു വരെയോ ഏതാണ് ആദ്യം വരുന്നത് അതുവരെ ലിസ്റ്റ് നീട്ടുവാൻ ഗവണ്മമെന്റിന് അധികാരം ഉണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
2011-2016 ൽ അഞ്ച് വർഷം യു.ഡി.എഫ് ഗവൺമെന്റ് എല്ലാ പി.എസ്.സി. ലിസ്റ്റുകളും ഈ രീതിയിൽ നീട്ടിയിട്ടുണ്ട്. 3 വർഷം സമയം കിട്ടിയിട്ടും പുതിയ ലിസ്റ്റ് തയ്യാറാക്കുവാൻ സാധിച്ചില്ലെങ്കിൽ ഒന്നര വർഷം വരെ അധിക സമയം ലഭിക്കുവാൻ നിലവിലുള്ള ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് അവകാശമുണ്ട്. ഗവൺമെന്റ് നിയമനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഒഴിവുകൾ ഏറ്റവും വേഗം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ലോക്ക്ഡൗൺ കാലത്തെ ഓഫീസ് അടച്ചിടലും ജീവനക്കാരുടെ അഭാവവും മൂലം യഥാർത്ഥ ഒഴിവുകൾ പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പല തസ്തികകളിലും ചുരുക്കംപേരെ മാത്രമാണ് നിയമിച്ചത്. എറണാകുളം ജില്ലാ ഹൈസ്കൂൾ, സംസ്കൃത അദ്ധ്യാപക ലിസ്റ്റിൽ നിന്നും ഒരാളെ പോലും 3 വർഷമായിട്ടും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. മുൻ പിണറായി സർക്കാരിന്റെ കാലത്ത് ഉദ്യോഗാർത്ഥികൾ 34 ദിവസം സമരം ചെയ്പ്പോൾ പരമാവധി നിയമനങ്ങൾ നടത്താമെന്ന് ധാരണ ഉണ്ടാക്കിയെങ്കിലും കാര്യമായ ഒഴിവുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
പകരം ലിസ്റ്റ് ഇല്ലാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കാതെ വരും. അതോടെ പിൻവാതിൽ നിയമനത്തിനുള്ള അനന്ത സാദ്ധ്യതകളാണ് തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

