മംഗളൂരു: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ തീവണ്ടി മാർഗം മംഗളൂരുവിലെത്തിയ നൂറിലേറെപ്പേർ സ്റ്റേഷനിൽ കുടുങ്ങി. ഇവരെ പോലീസ് വാഹനത്തിൽ കയറ്റി ടൗൺഹാളിലേക്കും മറ്റിടങ്ങളിലേക്കും മാറ്റിയതായാണ് അധികൃതർ അറിയിക്കുന്നത്. വൈകീട്ട് മൂന്നരയോടെ മംഹളൂരുവിലെത്തിയ ട്രെയിനിൽ നിന്നും മാത്രം 50 ഓളം യാത്രക്കാരെയാണ് ടൗൺഹാളിലേക്കു മാറ്റിയത്. ഇവർക്കെല്ലാം റെയിൽവേ സ്റ്റേഷനിൽ വച്ചു തന്നെ ആന്റിജൻ പരിശോധന നടത്തിയെങ്കിലും രാത്രി പത്തു മണിവരെ ഫലം വന്നിരുന്നില്ല. ഇതോടെയാണ് ഇവരെ പോലീസ് സ്‌റ്റേഷനിലേക്കും ടൗൺ ഹാളിലേക്കും മാറ്റാൻ തീരുമാനിച്ചത്.
യാത്രക്കാരെ ഒരു മണിക്കൂർ നേരം റെയിൽവേ സ്റ്റേഷനിലിരുത്തിയ ശേഷമാണ് വാനിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്കു മാറ്റിയത്. അവിടെ നിന്നാണ് മംഗളൂരു ടൗൺഹാളിലെത്തിച്ചത്. പിന്നാലെ വന്ന തീവണ്ടിയിലുള്ളവരെയും സമാനമായി മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം ടൗൺ ഹാളിലേക്ക് മാറ്റിയ യാത്രക്കാർക്ക് ആറര മണിക്കൂർ നേരം വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്നാണ് ആക്ഷേപം.
പുറത്തുള്ള പോലീസുകാരോട് എന്തെങ്കിലും ചോദിച്ചാൽ അവർക്കൊന്നും അറിയില്ലെന്നാണ് പറഞ്ഞതെന്നും യാത്രക്കാർ പറഞ്ഞു. രോഗിയാണെന്നും ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞിട്ട് പോലും വിടാൻ പോലൂസുകാർ തയ്യാറായില്ലെന്നും യാത്രക്കാർ ആരോപിച്ചു.
രാത്രി 10.45 ഓടെ മണിയോടെ ഉന്നത പോലീസ്-ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ടൗണ്‍ ഹാളിലെത്തി.സ്ത്രീകളെ മാത്രം പോകാന്‍ അനുവദിച്ചു.ആര്‍.ടി.പി.സി.ആര്‍.പരിശോധന ഫലം കിട്ടുന്നതുവരെ റൂം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശത്തോടെയാണ് ഇവരെ വിട്ടയച്ചത്.

