ലാപ്ടോപ്പില്‍ 61 അശ്ലീല വീഡിയോകള്‍, നീലച്ചിത്ര തിരക്കഥകള്‍; കുന്ദ്ര ചില്ലറക്കാരനല്ല, തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്ന് പോലീസ് !

മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്ര തെളിവുകള്‍ നശിപ്പിക്കാന്‍ നീക്കം നടത്തിയതായി പോലീസ്. കുന്ദ്ര അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെന്നും പോലീസിന് ഇത് നോക്കിനില്‍ക്കാനാവില്ലെന്നും കുന്ദ്ര ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ പോലീസ് വ്യക്തമാക്കി.

കസ്റ്റഡിയില്‍ എടുക്കുന്നതിനു മുന്‍പു ചോദ്യം ചെയ്യാനായി പോലീസ് വിളിച്ചുവരുത്തിയില്ലെന്നും ഈ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണു കുന്ദ്ര വാദിച്ചത്. എന്നാല്‍ കുന്ദ്ര തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച പശ്ചാത്തലത്തില്‍ അറസ്റ്റ് അനിവാര്യമായിരുന്നു എന്നാണ് പോലീസ് നിലപാട്.

അശ്ലീല വിഡിയോകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നതായി കുന്ദ്രയുടെ കമ്പനിയിലെ 4 ജീവനക്കാര്‍ നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതെല്ലാം കോടതിയെ പോലീസ് അറിയിച്ചു.

മാത്രമല്ല, കുന്ദ്ര തന്റെ ഐക്ലൗഡ് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നെന്നും ലാപ്ടോപ്പില്‍ നിന്ന് 61 അശ്ലീല വീഡീയോകള്‍, അശ്ലീല ചിത്രത്തിന്റെ തിരക്കഥ, ഡിജിറ്റല്‍ സ്റ്റോറേജില്‍ 51 അശ്ലീല വീഡിയോകള്‍ എന്നിവ കണ്ടെടുത്തതായും പോലീസ് ചൂണ്ടിക്കാട്ടി.

കേസിലെ മറ്റു കുറ്റാരോപിതരുമായി ചാറ്റ് ചെയ്തിതുന്ന വാട്സാപ് ഗ്രൂപ്പും അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ‘ഹോട്ഷോട്സ്’ ആപ്പിന്റെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പവര്‍ പോയിന്റ് പ്രസന്റേഷനും കുന്ദ്രയുടെ ഫോണില്‍ നിന്നു കണ്ടെടുത്തതായും പോലീസ് കോടതിയെ അറിയിച്ചു. ഇതിനു പുറമേ കുന്ദ്രയുടെ ബ്രൗസിങ് ഹിസ്റ്ററി, ഇമെയിലുകള്‍ എന്നിവയും കണ്ടെടുത്ത സാഹചര്യത്തില്‍ അറസ്റ്റില്‍ അപാകതയില്ലെന്ന് കോടതി നിരീക്ഷിച്ചു.