അന്വേഷണം വേണം; പെഗാസസ് ഫോൺ ചോർത്തലിന് ഇരകളായ മാദ്ധ്യമപ്രവർത്തകർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പെഗാസസ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് ഫോൺ ചോർത്തലിന് ഇരകളായ മാദ്ധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ച് അഞ്ചു മാദ്ധ്യമ പ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ അന്വേഷണം വേണമെന്നാണ് മാദ്ധ്യമപ്രവർത്തകർ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു.

പരൻജോയ് ഗുഹ തക്കൂർദാ, എസ്.എൻ.എം അബ്ദി, പ്രേംശങ്കർ ഝാ, രൂപേഷ് കുമാർ സിംഗ്, ഇപ്‌സാ ശതാക്‌സി തുടങ്ങിയ മാദ്ധ്യമ പ്രവർത്തകരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഇതാദ്യമാണ് പെഗാസസ് ഫോൺ ചോർത്തലിൽ നിരീക്ഷണത്തിന് ഇരയാക്കപ്പെട്ടവർ കോടതിയെ സമീപിക്കുന്നത്.

ആംനെസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ ഫോണിൽ പെഗാസസ് മാൽവെയർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. കേന്ദ്രസർക്കാരോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ തങ്ങളെ നിരീക്ഷിച്ചതായാണ് തങ്ങൾ ശക്തമായി വിശ്വസിക്കുന്നതെന്നും കേന്ദ്രസർക്കാർ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.