ന്യൂഡല്‍ഹി: കണ്ണിലെ സ്രവങ്ങളില്‍ക്കൂടിയും കോവിഡിനു കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസ് പടര്‍ന്നേക്കാമെന്ന് പുതിയ പഠനം. അമൃത്സര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് 120 പേരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടിത്തം. ശ്വാസകോശത്തില്‍ നിന്നുവരുന്ന കണികകളാണ് കോവിഡ് അണുബാധയുടെ പ്രാഥമിക സ്രോതസ്സെന്നും പഠനത്തില്‍ പറയുന്നുണ്ട്.
പഠനത്തിന് വിധേയരാക്കിയ 120 പേരില്‍ 60 പേര്‍ക്ക് കണ്ണില്‍ പ്രശ്‌നങ്ങളുള്ളതിന്റെ ലക്ഷണം ഉണ്ടായിരുന്നു. ബാക്കി 60ന് ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. 41 രോഗികളില്‍ ഹൈപ്പറെമിയ, 38 പേരില്‍ ഫോളിക്യുലര്‍ റിയാക്ഷന്‍, 35 പേരില്‍ കെമോസിസ്, 20 പേരില്‍ മ്യൂകോയിഡ് ഡിസ്ചാര്‍ജ്, 11 പേരില്‍ ചൊറിച്ചില്‍ എന്നിങ്ങനെ പ്രശ്‌നങ്ങള്‍ കണ്ടെത്തി.
കണ്ണിന് പ്രശ്‌നങ്ങളുള്ളതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയവരില്‍ 37% പേര്‍ക്ക് ഇടത്തരം രീതിയിലുള്ള അണുബാധയാണ് കണ്ടെത്തിയതെന്നും, ബാക്കിയുള്ള 63% പേരില്‍ രോഗം അതിശക്തമായിരുന്നെന്നും പഠനം സംബന്ധിച്ച് റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാമത്തെ വിഭാഗത്തില്‍ 52% പേര്‍ക്ക് ഇടത്തരം രീതിയിലാണ് രോഗം ബാധിച്ചത്. 48% പേരില്‍ രോഗം ഗുരുതരമാകുകയും ചെയ്തു.
മാത്രമല്ല, കണ്ണുനീരിന്റെ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോള്‍ 17.5% പേര്‍ക്കും പോസിറ്റീവ് ഫലമാണ് ലഭിച്ചത്. ഇതില്‍ 11 പേര്‍ക്ക് (9.16%) കണ്ണിന് പ്രശ്‌നങ്ങളുള്ളതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. പത്തു പേര്‍ക്ക് (8.33%) യാതൊരു തരത്തിലുമുള്ള ലക്ഷണങ്ങളുമില്ലായിരുന്നു.
അതായത്, കോവിഡ് പോസിറ്റീവ് ആണെങ്കില്‍ കണ്ണിന് പ്രശ്‌നങ്ങളുള്ളതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രോഗം പടര്‍ത്താന്‍ സാധ്യതയുണ്ടെന്ന് പഠനം വിലയിരുത്തുന്നു. അതിനാല്‍തന്നെ നേത്ര ഡോക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും പഠനം പറയുന്നു. ഇതോടെ കോവിഡ് രോഗികളുടെ കണ്ണുനീരില്‍നിന്നും രോഗം പകരാമെന്ന സാധ്യതയാണ് ഉയര്‍ന്നിരിക്കുന്നത്.

