ന്യൂഡൽഹി: സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി പുതിയ നടപടികളുമായി ഇന്ത്യൻ സൈന്യവും ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയും. വടക്കൻ സിക്കിം മേഖലയിൽ ഇരു സൈന്യങ്ങളും ഹോട്ട്ലൈൻ സ്ഥാപിച്ചു. അതിർത്തികളിലെ വിശ്വാസവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനും യഥാർത്ഥ നിയന്ത്രണരേഖയിൽ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കം.
വിവിധ മേഖലകളിലുളള ഈ ഹോട്ട്ലൈൻ അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ സഹായിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചൈനീസ് സൈനിക ദിനമായ ഓഗസ്റ്റ് ഒന്നിനാണ് ഹോട്ട്ലൈൻ സ്ഥാപിച്ചത്. ഇരു സൈന്യങ്ങളുടെയും ഗ്രൗണ്ട് കമാൻഡർമാർ ഉദ്ഘാടനത്തിൽ പങ്കെടുത്തു. ഐക്യത്തിന്റെയും സൗഹൃദത്തിന്റെയുംസന്ദേശം ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ ഹോട്ട്ലൈൻ വഴി കൈമാറി.
കഴിഞ്ഞ വർഷം ജൂൺ മാസം കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ സംഘർഷമുണ്ടായതോടെയാണ് ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിലുള്ള ബന്ധം വഷളായത്. അതിർത്തിയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്നതിനുമായി സൈനിക തലത്തിലും സർക്കാർ തലത്തിലും നിരവധി ചർച്ചകലാണ് നടന്നു വരുന്നത്. കഴിഞ്ഞ ദിവസവും ഇരുസൈന്യത്തിലെയും ഉന്നത കമാൻഡർമാർ ചർച്ച നടത്തിയിരുന്നു. 9 മണിക്കൂറോളം നേരമാണ് കഴിഞ്ഞ ദിവസം കോർ കമാൻഡർതല ചർച്ച നടന്നത്.

