രാജ്യത്ത് ഇനി ഇന്ധന സബ്‌സിഡി ഇല്ല; പാചക വാതക സബ്‌സിഡിയും പിന്‍വലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പാചക വാതകത്തിന് ഏര്‍പ്പെടുത്തിയിരുന്ന സബ്‌സിഡിയും പിന്‍വലിച്ച് കേന്ദ്രം. പാചക വാതക സബ്‌സിഡി കൂടി നിര്‍ത്തിയതോടെ രാജ്യത്ത് ഇന്ധന സബ്‌സിഡി തന്നെ പൂര്‍ണമായി ഇല്ലാതായി. പ്രത്യേക ഉത്തരവുകളൊന്നും ഇല്ലാതെയാണ് പാചകവാതക സബ്‌സിഡി നിര്‍ത്തിയിരിക്കുന്നത്.

പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റത്തില്‍ ജനങ്ങള്‍ക്ക് താങ്ങായിരുന്ന സബ്ഡികളാണ് രാജ്യത്ത് പൂര്‍ണമായി ഇല്ലാതാകുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെയും പിന്നീട് മോദി സര്‍ക്കാര്‍ വന്നശേഷം ഡീസലിന്റെയും സബ്‌സിഡി നിര്‍ത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാചകവാതക സബ്‌സിഡിയും നീക്കിയിരിക്കുന്നത്.

2013-14 വര്‍ഷത്തില്‍ ഒരു ലക്ഷത്തിലധികം കോടി രൂപയാണ് സബ്‌സിഡി നല്‍കാനായി ബജറ്റില്‍ നീക്കിവെച്ചിരുന്നത്. ഈ സാമ്പത്തിക വര്‍ഷം ആകെ നീക്കിവെച്ചിരിക്കുന്നത് 14,000 കോടി രൂപ മാത്രമാണ്.

ഭാവിയില്‍ ഭക്ഷ്യ സബ്‌സിഡിക്കു നീക്കിവയ്ക്കുന്ന തുകകൂടി നിര്‍ത്തിവയ്ക്കുമോ എന്നാണ് കേന്ദ്രത്തിനു നേരെ ഉയര്‍ന്നുവരുന്ന ആക്ഷേപം.