കിഴക്കേകല്ലട സൗത്ത് സഹകരണ ബാങ്കിൽ വൻ തട്ടിപ്പ്; മരിച്ചവർ നേരിട്ട് ബാങ്കിൽ നിന്നും പെൻഷൻ വാങ്ങിയതായി റിപ്പോർട്ട്

കൊല്ലം: എൽഡിഎഫ് ഭരിക്കുന്ന കിഴക്കേകല്ലട സൗത്ത് സഹകരണ ബാങ്കിൽ വൻ തട്ടിപ്പ്. മരണപ്പെട്ടവർ നേരിട്ട് ബാങ്കിൽ നിന്നും ക്ഷേമപെൻഷൻ വാങ്ങിയതായാണ് രേഖകളിൽ പറയുന്നത്. കിഴക്കേകല്ലട ഗ്രാമ പഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ടിലാണ് ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്തിയത്.

ബാങ്കിനെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് ഓഡിറ്റിങ് വിഭാഗം കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിന് കൈമാറി. മരിച്ചവരുടെ പേരിൽ വിതരണം ചെയ്തിരിക്കുന്ന 67,600 രൂപ തിരികെ ഈടാക്കണമെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. 2020 ഫെബ്രുവരി 31 ന് മരണപ്പെട്ട കിഴക്കേകല്ലട കൊടുവിള പള്ളിയാടിയിൽ വീട്ടിൽ തങ്കമ്മ 2020 ജൂലൈ ആഗസ്ത് മാസങ്ങളിൽ വിധവാ പെൻഷൻ 2600 രൂപ കൈപ്പറ്റിയതായാണ് ബാങ്ക് രേഖകളിൽ വ്യക്തമാകുന്നത്. 2018 മെയ് 27 ന് മരിച്ച സെലീനയ്ക്ക് 2018 ഏപ്രിൽ മുതൽ 2018 ജൂലൈ വരെ പെൻഷൻ നേരിട്ട് നൽകിയെന്നുള്ള രേഖകളും ഓഡിറ്റിങ്ങിൽ കണ്ടെത്തിയിട്ടുണ്ട്. ഈ തുക ബാങ്കിലെ താൽക്കാലിക ജീവനക്കാരി വിതരണം ചെയ്തതായാണ് ഓഡിറ്റിംഗ് റിപ്പോർട്ടിൽ പറയുന്നത്.

കിഴക്കേകല്ലട പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മരണങ്ങളുടെ മാത്രം പരിശോധനയിലാണ് വലിയ ക്രമക്കേടുകൾ കണ്ടെത്തിയത്. കൂടുതൽ ക്രമക്കേടുകൾ നടന്നിരിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ പോലീസിൽ പരാതിപ്പെടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

അതേസമയം ബാങ്കിനെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. നേരത്തെയും കിഴക്കേകല്ലട സൗത്ത് സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേടുകൾ നടന്നിരുന്നു. ലോൺ എഴുതിത്തള്ളുന്നതിലും പലിശ സബ്‌സിഡി നൽകുന്നതിലും 33 ലക്ഷം രൂപയുടെ വെട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഈ കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.