ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന് റോബിന് വടക്കുംചേരി സുപ്രീംകോടതിയില്‍. ഹര്‍ജി ജസ്റ്റിസ്മാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നാളെ പരിഗണിക്കും.
ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അതുകൊണ്ട് വിവാഹം കഴിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ, റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മകനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്നും, റോബിനെ വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം താല്‍പര്യപ്രകാരമാണെന്നുമാണ് പെണ്‍കുട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന് കാട്ടി റോബിന് വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്കുന്നതുപോലെയാകുമെന്നായിരുന്നു കോടതി നിരീക്ഷണം.

