കോഴിക്കോട്: സമവായനീക്കങ്ങൾക്കിടയിലും ഐ എൻ എല്ലിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. മെംബർഷിപ്പ് പ്രവർത്തനങ്ങൾക്കായി കാസിം ഇരിക്കൂർ പക്ഷക്കാരെ മാത്രം ഉൾപ്പെടുത്തി വരണാധികാരികളെ നിയോഗിച്ചതാണ് തർക്കത്തിന്റെ കാരണം. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനായി സുന്നി നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെട്ടിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിലുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നത് സമുദായത്തിന് നല്ലതല്ലെന്നാണ് കാന്തപുരം മന്ത്രിയോട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുമായും കാന്തപുരം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി കൂടി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കാന്തപുരം വിഷയത്തിൽ ഇടപെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
അംഗത്വ വിതരണത്തിനായി 14 ജില്ലകളിലും നിയോഗിച്ചവരുടെ പട്ടിക പുറത്തു വന്നതോടെയാണ് വീണ്ടും പ്രശ്‌നങ്ങൾ ആരംഭിച്ചത്. പട്ടികയിൽ കാസിം ഇരിക്കൂർ പക്ഷക്കാരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തർക്കം പരിഹരിക്കാൻ ശ്രമം നടക്കുമ്പോൾ ഒരു വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന നീക്കം തെറ്റാണെന്നാണ് വഹാബ് വിഭാഗത്തിന്റെ ആരോപണം. കാസിം ഇരിക്കൂറിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നും വഹാബ് പക്ഷം ആവശ്യപ്പെടുന്നു.

