ചേര്‍ത്തല: അഖിലേന്ത്യ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനത്തില്‍ ഒബിസി സംവരണം പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ തീരുമാനത്തിന് അഭിനന്ദനവുമായി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നാക്ക സംഘടനകളുടെ ഒരു ദശാബ്ദത്തോളം കാലമായുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ 27 ശതമാനം ഒബിസി സംവരണം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട ഈ സംവരണം ലഭിക്കാന്‍ മെഡിക്കല്‍ രംഗത്തടക്കം മുന്നാക്ക സംവരണം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും കാത്തിരിക്കേണ്ടി വന്നുയെന്നത് വസ്തുതയാണെന്നും, ഈ തീരുമാനത്തിന് പ്രേരകമാകും വിധം വിധി പുറപ്പെടുവിപ്പിച്ച ചെന്നൈ ഹൈക്കോടതിയും അഭിനന്ദനമര്‍ഹിക്കുന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
മാത്രമല്ല, എല്ലാ തുറകളിലും സാമൂഹ്യനീതി ഉറപ്പു വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം, അടുത്ത സെന്‍സസില്‍ ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തണം, പിന്നാക്ക വിഭാഗങ്ങളുടെ സംവരണ തോത് ഉയര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
നേരത്തെ, ഈ വര്‍ഷത്തെ അഖിലേന്ത്യ മൈഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ 27% പിന്നാക്ക സംവരണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുകൂടാതെ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10% സംവരണവും ഏര്‍പ്പെടുത്തിയിരുന്നു.
ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാരെടുത്ത ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംവരണം സംബന്ധിച്ച തീരുമാനത്തെ വിശേഷിപ്പിച്ചത്.

