ന്യൂഡൽഹി: രാജ്യത്ത് സ്റ്റാർട്ടപ്പുകൾ വഴി 5.7 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചതായി കേന്ദ്ര സർക്കാർ. 53000 സ്റ്റാർട്ടപ്പുകൾ രാജ്യത്തുണ്ടെന്നും കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാക്കിന്റെ ചോദ്യത്തിന് വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സോം പ്രകാശ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രത്യക്ഷമായും പരോക്ഷമായും സ്റ്റാർട്ടപ്പുകൾ എത്ര പേർക്ക് തൊഴിൽ നൽകിയെന്നായിരുന്നു മനോജ് കിഷോർഭായി പാർലമെന്റിൽ ചോദിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകളും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ എന്തൊക്കെ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
ചോദ്യം ചോദിച്ചത്. ഇദ്ദേഹം ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം കൂടിയാണ്. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇന്റസ്ട്രി ആന്റ് ഇന്റേണൽ ട്രേഡ് 52391 സ്റ്റാർട്ടപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 2021 ജൂലൈ 14 വരെ 53 സ്റ്റാർട്ടപ്പുകളുടെ മൂല്യം 1.4 ലക്ഷം കോടിയാണ്. അര ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകൾ രാജ്യത്തെ 5.7 ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു. ഈ വർഷം ജനുവരിയിൽ ആയിരം കോടി രൂപ സ്റ്റാർട്ട്അപ്പ് ഇന്ത്യ സീഡ് ഫണ്ടിനാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.

