തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രം. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് വലിയ വീഴ്ച്ചയുണ്ടായതായി കേന്ദ്രം വിമർശിച്ചു. ഇളവുകൾ നൽകുന്നതിൽ സംസ്ഥാനം വലിയ ജാഗ്രത കാണിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയ നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളിൽ 50 ശതമാനത്തിലധികം കേരളത്തിലാണെന്നും കേന്ദ്രം വിമർശിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് വീണ്ടും കേസുകൾ കൂടുകയാണ്. അടുത്തിടെ നടന്ന ആഘോഷ പരിപാടികളിൽ ഇളവ് അനുവദിച്ചത് തീവ്ര വ്യാപനത്തിന് കാരണമായെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു.
കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കേസുകൾ വർധിക്കുന്നതിന്റെ തോത് വളരെ കൂടുതലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികൾ മനസിലാക്കാൻ കേന്ദ്രത്തിന്റെ മറ്റൊരു സംഘം ഉടൻ കേരളത്തിലെത്തും. ജൂലായ് 10 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് 91,617 പുതിയ കോവിഡ് കേസുകളും 775 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയതിട്ടുണ്ടെന്നും കത്തിൽ പറയുന്നു.

