തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നിയമസഭാ കയ്യാങ്കളി കേസിൽ വിശദീകരണവുമായി മുൻമന്ത്രി ഇ പി ജയരാജൻ. യുഡിഎഫ് എംഎൽഎമാർ എൽഡിഎഫിന്റെ വനിതാ എംഎൽഎമാരെ ആക്രമിച്ചുവെന്നും ഇതാണ് പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു കോൺഗ്രസ് എം എൽ എ യുടെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെടാൻ വനിത എംഎൽഎയ്ക്ക് കൈക്ക് കടിയ്‌ക്കേണ്ടി വന്നു. ഈ അതിക്രമങ്ങൾ പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് സംഘർഷത്തിന് ഇടയാക്കിയത്. വി. ശിവൻകുട്ടിയെ വളഞ്ഞിട്ട് തല്ലി. അദേഹം ബോധംകെട്ടു വീണു. എന്നാൽ, പ്രതിപക്ഷ എംഎൽഎമാരായ 6 പേർക്കെതിരെ ക്രിമിനൽ കേസെടുത്തു. ഭരണകക്ഷി എംഎൽഎമാരെ സംരക്ഷിക്കുന്ന നിലപാടും സ്വീകരിച്ചതെന്നും തികച്ചും പക്ഷപാതപരമായ നിലപാടാണ് യുഡിഎഫ് ഗവൺമെന്റ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്യായമായ ഈ കേസ് പിൻവലിക്കണം എന്നാണ് എൽ ഡി എഫ് ഗവൺമെൻറ് ആവശ്യപ്പെട്ടതെന്നും ഏകപക്ഷീയമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ മസിൽ പവർ ഉപയോഗിച്ച് കാര്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ച ഭരണപക്ഷ അംഗങ്ങൾക്കെതിരെ ഒരു നടപടിയുമില്ല. പ്രതിപക്ഷത്തെ മാത്രം പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുകയാണ്. നീതിപൂർവമായ സമീപനമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. കോടതിയെ വസ്തുതകൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞോ എന്നറിയില്ല. കോടതിയെ സത്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമ നിർമ്മാണ സഭയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ജനാധിപത്യ സംവിധാനത്തിന് കളങ്കമാകും. ഉമ്മൻ ചാണ്ടി ഗവൺമെന്റ് നടത്തിയ അഴിമതികൾക്കും ദുർഭരണത്തിനും എതിരായ കനത്ത പ്രഹരമാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള ജനത നൽകിയത്. തുടർന്ന് അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ നീതി നടപ്പാക്കാനായാണ് പ്രവർത്തിച്ചത്. കോടതിയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്ത ശേഷം മാപ്പ് പറഞ്ഞ് കേസിൽ നിന്ന് തടിയൂരിയവരാണ് ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട് ന്യായം പറയാൻ രംഗത്ത് വന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രിം കോടതി വിധി പഠിച്ച ശേഷം തുടർനടപടികൾ ആലോചിക്കും. ജനാധിപത്യ സംരക്ഷണത്തിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

