തിരുവനന്തപുരം: മാധ്യമവേട്ടയാടലുകള്ക്ക് ഇരയാക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്കുന്ന കൂട്ടായ്മയുമായി കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എന്‍.പ്രശാന്ത്. മാധ്യമ ഇരകള്‍ക്ക് കൗണ്‍സലിംഗും, കേസ് നടത്താന്‍ വേണ്ട നിയമോപദേശവും മറ്റും സൗജന്യമായും, മാനനഷ്ട കേസുകളില്‍ (സിവില്‍, ക്രിമിനല്‍) ലോകത്തിലെ തന്നെ വിദഗ്ധരായ അഭിഭാഷകരുടെ നിയമ സഹായവും കൂട്ടായ്മയിലൂടെ ലഭ്യമാക്കും.
മാത്രമല്ല, വിദേശങ്ങളിലുള്ള പ്രഗല്ഭ അറ്റോര്‍ണികളുടെ സഹായത്തോടെ പ്രവാസികള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. തനിക്കു ലഭിച്ച അനേകം ഫോണ്‍ കോളുകളില്‍ നിന്നാണ് ഈ ആശയത്തിന്റെ തുടക്കമെന്നു കളക്ടര്‍ ബ്രോ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് എന്‍. പ്രശാന്ത് അശ്ലീല ചുവയുള്ള മറുപടി നല്കി എന്ന് വാര്‍ത്തകള്‍ പ്രചരിച്ചത് അടുത്തിടെയായിരുന്നു. താന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥമാണ് വാര്‍ത്തകളിലൂടെ പ്രചരിപ്പിച്ചതെന്ന് സംഭവത്തില്‍ അദ്ദേഹം വിശദീകരണവും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉദ്യമത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്.
ഈ കൂട്ടായ്മയില്‍ സഹകരിക്കാന്‍ താല്പര്യപ്പെടുന്നവര്ക്ക് ബന്ധപ്പെടാനുള്ള മെയില്‍ ഐഡിയും ഫേസ്ബുക്ക് കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്. contact@mediavictims.org

