കർണാടകയിലെ പുതിയ മുഖ്യമന്ത്രിയായി യെദിയൂരപ്പയുടെ വിശ്വസ്തൻ; ബസവരാജ ബൊമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് നേതാവുമായ ബസവരാജ് നിലവിൽ കർണാടക ആഭ്യന്തര മന്ത്രിയാണ്. കർണാടകയിലെ മുൻ മന്ത്രിയായ എസ്.ആർ ബൊമ്മെയാണ് ഇദ്ദേഹത്തിന്റെ പിതാവ്.

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗിന്റെ നേതൃത്വത്തിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ബസവരാജിനെ കർണാടകയിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി കിഷൻ റെഡിയും ബംഗളൂരുവിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.

യെദ്യൂരപ്പ രാജിവെച്ചതോടെ അതൃപ്തരായ ലിംഗായത്ത് സമുദായത്തെ ഒപ്പം നിർത്താൻ വേണ്ടിയാണ് ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള നേതാവിനെ തന്നെ ബിജെപി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. യെദിയൂരപ്പയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അദ്ദേഹത്തിന്റെ വിശ്വസ്തനായ വ്യക്തിയെ തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.