കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യയ്ക്ക് മാതൃക; കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് ഉറപ്പു നല്‍കി കേന്ദ്രആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വാക്‌സിന്‍ ക്ഷാമം മൂലം കേരളത്തില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തില്‍ ഇടത് എംപിമാര്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

മാത്രമല്ല, കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്നും, വാക്‌സിന്‍ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്നതിന് കേരളത്തെ അഭിനന്ദിക്കുന്നുവെന്നും, വാക്‌സിനേഷന്റെ വേഗത കണക്കിലെടുത്തു മുന്‍കൂറായി തന്നെ കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും മാണ്ഡവ്യ അറിയിച്ചു. രോഗികളുടെ എണ്ണത്തെക്കുറിച്ചും മരണ നിരക്കിനെ കുറിച്ചും ആരോഗ്യമന്ത്രി എംപിമാരോട് ചോദിച്ചറിയുകയും ചെയ്തു.

സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള ഇടത് എംപിമാരാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി ചര്‍ച്ച നടത്തിയത്. എംപിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.