അസം-മിസോറം അതിർത്തി സംഘർഷം; ആറ് അസം പോലീസുകാർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: അസം-മിസോറം അതിർത്തിയിൽ സംഘർഷം. ആറ് അസം പോലീസുകാർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. 50 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രശ്നമാണ് സംഘർഷത്തിലേക്ക് നീങ്ങയതെന്നാണ് വിവരം. അസമിലെ ചാച്ചാർ ജില്ലയുടെയും മിസോറമിലെ കോലാസിബ് ജില്ലയുടെയും അതിർത്തി പ്രദേശത്താണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ വെടിവെപ്പുണ്ടായതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. മിസോറമിൽ നിന്നുള്ള അക്രമികൾ പോലീസിനു നേരെ വെടിവെക്കുകയായിരുന്നെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ജനങ്ങൾ അക്രമം തുടരുമ്പോഴും തങ്ങൾ സ്ഥാപിച്ച പോലീസ് പോസ്റ്റുകൾ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ആൾക്കൂട്ടം സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അതിർത്തിയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ രംഗത്തെത്തിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു മുഖ്യമന്ത്രിമാരുമായും ബന്ധപ്പെടുകയും അതിർത്തിയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.