ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ഐ.എ.എസ് ഓഫീസറുടെയും ഫോണുകൾ പെഗാസസ് ചോർത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മുതിർന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന് രാജേശ്വർ സിംഗിന്റെ ഫോണും ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടർ ജനറലായ കെ. കെ ശർമ്മയുടെ ഫോൺ വിവരങ്ങളും ചോർത്തിയിട്ടുണ്ടെന്നാണ് വിവരം.
രാജേശ്വർ സിംഗിന്റെ രണ്ട് ഫോണുകളും കുടുംബത്തിലെ സ്ത്രീകൾ ഉപയോഗിച്ച് വന്നിരുന്ന മൂന്ന് നമ്പരുകളും നിരീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് സൂചന. സിംഗിന്റെ സഹോദരിയും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥയും ഡൽഹി ഹൈക്കോടതിയില പ്രമുഖ അഭിഭാഷകയുമായ അബ സിംഗിന്റെ ഫോൺ വിവരങ്ങളും ചോർത്തിയിട്ടുണ്ട്. 2017 മുതൽ 2019 വരെ സിംഗിന്റെ നമ്പർ നിരീക്ഷിക്കപ്പെട്ടിരുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ ചുമതല ഉണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോൺ 2017 ലാണ് ചോർത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഒരു നിതി ആയോഗ് ഉദ്യോഗസ്ഥന്റെ ഫോണും നീരീക്ഷിച്ചിരുന്നു.