ശബരിമല സോളാര്‍വത്ക്കരിക്കും; പദ്ധതി പൂര്‍ത്തീകരണം ഉടന്‍

sabarimala

തിരുവനന്തപുരം: ശബരിമല സോളാര്‍വത്ക്കരിക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. ഇതിന്റെ ഭാഗമായി സന്നിധാനത്തും നിലയ്ക്കലും സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ആദ്യം നിലയ്ക്കലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്, ഇതിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ചരിത്ര നേട്ടം കൈവരിച്ച കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാല്‍ ) സാങ്കേതിക സഹായത്തോടെയാവും നിര്‍മ്മാണം നടത്തുക. ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും സിയാല്‍ അധികൃതരുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയ ശേഷം വിശദമായ പദ്ധതി റിപ്പോര്‍ട്ടും മറ്റ് നടപടികളും പൂര്‍ത്തിയാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാന്റുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

തീര്‍ത്ഥാടന സീസണില്‍ ചിലവാകുന്ന ഭീമമായ വൈദ്യുതി ചെലവ് സോളാര്‍ സ്ഥാപിക്കുന്നതോടെ ഒഴിവാക്കാമെന്നത് ദേവസ്വം ബോര്‍ഡിന് വലിയ ആശ്വാസം തന്നെയാവും. ഒരു വര്‍ഷം പത്തു കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. രണ്ട് സോളാര്‍ പ്ലാന്റുകള്‍ക്ക് 20 കോടിയോളം രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍.