നിരത്തുകള്‍ ഇനി ഇലക്ട്രിക് വാഹനങ്ങള്‍ ഭരിക്കും, നഗരങ്ങളിലെല്ലാം ചാര്‍ജിങ്ങ് സ്റ്റേഷനുകളൊരുക്കാന്‍ കേന്ദ്രം !

ഡല്‍ഹി: അനുദിനം വില വര്‍ദ്ധിക്കുന്ന ഇന്ധനത്തിന് ബദലായി ഇലക്ട്രിക്ക് ചാര്‍ജിങ്ങ് വാഹനങ്ങള്‍ക്ക് പ്രോത്സാഹനവുമായി കേന്ദ്രം. രാജ്യത്ത് 350 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ക്കായി 500 കോടിയോളം രൂപയും വകയിരുത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഫെയിം കക പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, കര്‍ണാടക, ഗോവ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതുതായി 350 ഓളം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയത്.

ഛത്തീസ്ഗഡ് (48), ഡല്‍ഹി (94), ജയ്പൂര്‍ (49), ബംഗളൂരു (45), റാഞ്ചി (29), ലഖ്നൗ (1), ഗോവ (17), ഹൈദരാബാദ് (50), ആഗ്ര (10), ഷിംല (7) എന്നീ നഗരങ്ങളിലാണ് പദ്ധതിക്ക് കീഴില്‍ പുതുതായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ക്രിഷന്‍ പാല്‍ ഗുര്‍ജാര്‍ പാര്‍ലമെന്റില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഫെയിം ഇന്ത്യ സ്‌കീമിന്റെ ഒന്നാം ഘട്ടത്തില്‍ രാജ്യത്തുടനീളം 520 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി 43.4 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. ഇതിനുപുറമെ ഇന്ത്യയിലെ 68 നഗരങ്ങളിലായി 2,877 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നതിന് 500 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും ക്രിഷന്‍ പാല്‍ വ്യക്തമാക്കി.

നേരത്തെ, ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടുതല്‍ സബ്സിഡികളും മറ്റും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.