സംസ്ഥാനത്ത് വാക്‌സിന്‍ കേന്ദ്രങ്ങള്‍ കോവിഡ് വ്യാപാരികള്‍; തിക്കിത്തിരക്കും പ്രതിഷേധവും !

. കോഴിക്കോട്: സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തിലെ അശാസ്ത്രീയതയെ തുടര്‍ന്ന് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ തിക്കിത്തിരക്കും പ്രതിഷേധവും. കോഴിക്കോട് ഫറോക്കിലും ഇടുക്കിയിലെ കുളമാവിലെയും വാക്‌സീന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിനുവേണ്ടി ഉന്തും തള്ളും പ്രതിഷേധവും അരങ്ങേറിയത്.

ഫറോക്കില്‍ 250 ഡോസ് വാക്‌സിനുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ അടക്കം അറിയിപ്പ് കൊടുത്തതോടെ വന്നത് അഞ്ഞൂറിലേറെപ്പേരായിരുന്നു. എന്നാല്‍, 150 ഡോസ് വാക്‌സീനേ ഉള്ളൂവെന്നും, അതില്‍ത്തന്നെ 130 പേര്‍ക്കേ നല്‍കാനാകൂ എന്നും അധികൃതര്‍ പറഞ്ഞതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

അതേസമയം, ഇടുക്കിയിലെ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ മിക്ക ദിവസങ്ങളിലും തിക്കും തിരക്കുമാണ്. ഇത് രോഗ വ്യാപനത്തിന് കാരണമായേക്കുമെന്നതില്‍ സംശയമില്ല. മണിക്കൂറുകള്‍ കാത്തു നിന്ന് വാക്‌സിന്‍ ലഭിക്കാതെ മടങ്ങുന്നവരും അനവധിയാണ്.

ഏതൊക്കെ കേന്ദ്രങ്ങളിലാണ് അടുത്ത ദിവസം വാക്‌സിന്‍ വിതരണം നടക്കുകയെന്ന വിവരം തലേ ദിവസം വൈകുന്നേരത്തോടെ മാത്രമാണ് ജനപ്രതിനിധികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലഭ്യമാകുന്നത്. ഇതാണ് വാക്‌സിന്‍ വിതരണത്തില്‍ പിഴവുകള്‍ വരുന്നതിലെ പ്രധാന കാരണം.

കൊവിഡ് പരിശോധന നടക്കുന്ന ആശുപത്രികളില്‍ പോലും വാക്‌സിന്‍ സ്വകരിക്കാന്‍ ആളുകള്‍ കൂട്ടം കൂടുന്നത് വലിയ ആശങ്കയാണുളവാക്കുന്നത്.